Friday, December 26, 2025

ലോക്സഭ സമ്മേളനത്തിന് ഇന്ന് തുടക്കം

ദില്ലി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. അടുത്തമാസം 26 വരെയാണ് പാര്‍ലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും ഇന്നും നാളെയും നടക്കുക. ഈ സമ്മേളനത്തില്‍ തന്നെ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും അവതരിപ്പിക്കും. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേക്കും.

വീരേന്ദ്രകുമാറാകും സമ്മേളനത്തിന്റെ അധ്യക്ഷന്‍. കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷ്, ബി.ജെ.ഡി. അംഗം ഭര്‍തൃഹരി മഹ്താബ് എന്നിവര്‍ അദ്ദേഹത്തെ സഹായിക്കും. 11 മണിക്കാണ് സഭാനടപടികള്‍ തുടങ്ങുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് ശേഷം ഇംഗ്ളീഷ് അക്ഷരമാലാക്രമത്തില്‍ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.

വിവാദമുയര്‍ത്തിയ മുത്തലാഖ് ബില്‍, പൗരത്വ ഭേദഗതി ബില്‍, ആധാര്‍ ബില്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ എന്നിങ്ങനെ പ്രധാന ബില്ലുകളടക്കം ഒട്ടേറെ നിയമനിര്‍മാണങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുത്തലാഖ് വിഷയമുള്‍പ്പെടെയുള്ള 10 ഓര്‍ഡിനന്‍സുകള്‍ക്കുപകരം പുതിയ ബില്ലുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Latest Articles