Thursday, January 1, 2026

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പാര്‍ലമെന്റ്‌ സമ്മേളനം ഇന്നുമുതല്‍; സമ്മേളനം ചേരുക 4 മണിക്കൂർ മാത്രം

ദില്ലി: പാർലമെൻറ് മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലു മണിക്കൂർ വീതമായിരിക്കും ഇരുസഭകളും ചേരുക. രാവിലെ ഒമ്പത് മണിക്ക് ലോക്സഭയും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജ്യസഭയും ചേരും. നാളെ മുതൽ രാവിലെ രാജ്യസഭയും ഉച്ചതിരിഞ്ഞ് ലോക്സഭയും ചേരും. അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് ഇരുസഭകളും ഇന്ന് ആദരാഞ്ജലി അർപ്പിക്കും.

17-ാമത്‌ ലോക്‌സഭയുടെ നാലാമത്‌ സമ്മേളനവും രാജ്യസഭയുടെ 252-ാമത്‌ സമ്മേളനവുമാണ്‌ ഇന്നാരംഭിക്കുന്നത്‌. സഭാനടപടികള്‍ യഥാസമയം പൂര്‍ത്തിയായാല്‍ അടുത്തമാസം ഒന്നിന്‌ സമ്മേളനം സമാപിക്കും. 18 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ 18 സിറ്റിങ്ങുകള്‍ ഉണ്ടാകും. ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും സഭ ചേരും. ഈ വര്‍ഷകാല സമ്മേളനത്തില്‍ ആകെ 47 ഇനങ്ങളാണ്‌ പരിഗണനയ്‌ക്ക്‌ വരുന്നത്‌. 45 ബില്ലുകളും 2 ധനകാര്യ ഇനങ്ങളും ഇതിലുള്‍പ്പെടുന്നു.

ലഡാക്ക്‌ അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്‌ഥ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്‌താവന നടത്തിയേക്കും. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ്‌ ജോഷി‌ ഇതുസംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്‌. ഗല്‍വാന്‍ സംഭവമുള്‍പ്പെടെ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള പ്രതിപക്ഷശ്രമം മുന്നില്‍ക്കണ്ടാണു കേന്ദ്രത്തിന്റെ നീക്കം.

Related Articles

Latest Articles