കോട്ടയം : ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിനെതിരെ ജെസ്‌നയുടെ പിതാവ് ജെയിംസ് രംഗത്ത്. ഇപ്പോഴുണ്ടായ പ്രതികരണം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെയിംസ് പറഞ്ഞു. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.
‘അവര്‍ പറഞ്ഞതിന് ഒരിക്കലും സാധ്യതയില്ല. അന്ന് സിസിടിവിയില്‍ കണ്ടത് ജെസ്‌ന അല്ലെന്ന് അന്നേ കണ്ടുപിടിച്ചതാണ്. ഈ സ്ത്രീ പറയുന്നതില്‍ വാസ്തവമില്ല. ഈ സ്ത്രീയാണോ അവരുടെ സുഹൃത്താണോ എന്നറിയല്ല, ഒരുമാസം മുന്‍പ് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. എന്റെ കൂടെ സമാന്തര അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ ഞാന്‍ അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവര്‍ അന്വേഷിച്ച് ഇതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണ്’ ജെയിംസ് പറഞ്ഞു.
കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നും അന്ന് ഒരു യുവാവ് ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജെസ്‌നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യത്താലാണ് മുന്‍ ജീവനക്കാരി ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.

