Sunday, December 14, 2025

ശുചിമുറി എന്ന് തെറ്റിദ്ധരിച്ചു ! വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ !!

വിമാനത്തിന്റെ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനം വാരണാസിയില്‍ ഇറങ്ങിയ ശേഷമാണ് യാത്രക്കാരന്‍ കോക്പിറ്റിന് സമീപമെത്തിയതും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍തന്നെ ഇയാളെ തടഞ്ഞു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിമാനങ്ങളുടെ കോക്ക്പിറ്റ് വാതിലുകള്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത് പൈലറ്റിനും ജീവനക്കാര്‍ക്കും മാത്രം അറിയാവുന്നതാണ്. അകത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ ഇത്തരത്തിലുള്ള പാസ്‌വേര്‍ഡ് നല്‍കാന്‍ ശ്രമിച്ചിട്ടില്ല.

അതേസമയം ശുചിമുറി തിരയവെ അബദ്ധത്തില്‍ കോക്ക് പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് അറസ്റ്റിലായ യാത്രക്കാരന്റെ വാദം. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും, ഇയാള്‍ ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളില്‍നിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സിഐഎസ്എഫ് ഈ വിഷയത്തില്‍ അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles