Saturday, December 20, 2025

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറി! പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; പ്രത്യേക അന്വേഷണത്തിനും നിർദേശം

പത്തനംതിട്ട : പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി.ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് വകുപ്പ് ശുപാർശ നൽകി ആഭ്യന്തരവകുപ്പ്. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിന് വകുപ്പ് നിർദ്ദേശം നൽകി‌. അട്ടിമറിയിൽ നേരത്തെ കോന്നി ഡിവൈഎസ്പി ആയിരുന്ന രാജപ്പൻ റാവുത്തറയും സി.ഐ ശ്രീജിത്തിനെയും മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ട സിഡബ്ല്യുസി ചെയർമാനെയും സസ്പെൻഡ് ചെയ്തിരുന്നു.

കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ചയാണ് ഉദ്യോഗസ്ഥർ നടത്തിയത്. മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഓഗസ്റ്റിൽ കിട്ടിയ പരാതിയിൽ മൂന്നു മാസത്തിലധികം കോന്നി പോലീസ് കേസെടുത്തില്ല. ഒടുവിൽ പേരിന് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് ആറന്മുള പൊലീസിന് കൈമാറി. ആറന്മുള പോലീസും പ്രതിയെ സഹായിക്കുന്ന തരത്തിലാണ് നടപടികൾ സ്വീകരിച്ചത്. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല.

നൗഷാദിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ പോയി ഇയാൾ ജാമ്യം നേടി. പ്രതിക്ക് സുപ്രീംകോടതി വരെ പോയി ജാമ്യം നേടാൻ ആറന്മുള പോലീസും ഉന്നത ഉദ്യോഗസ്ഥരും വഴിയൊരുക്കി എന്ന ആരോപണവും ഉയർന്നിരുന്നു.

Related Articles

Latest Articles