തിരുവനന്തപുരം: വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന പിസി ജോർജ്ജിനെ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജ്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റിമാൻഡ്.
വെണ്ണല കേസിൽ നോട്ടീസ് ലഭിച്ചതനുസരിച്ച് ഇന്നലെ പിസി പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. തുടർന്ന് തിരുവനന്തപുരം ഫോർട്ട് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു. തിരുവനന്തപുരത്തെ കേസിൽ കോടതി നേരത്തെ പിസി ക്ക് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ അറസ്റ്റ് ചെയ്തത്. അതേസമയം തൃക്കാക്കര തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാരും സിപിഎമ്മും ഭീകരവാദികളെ പ്രീണിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നിർബാധം തുടരുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനപിന്തുണ തനിക്കാണെന്നും ബിജെപിയുടെ ആത്മാർത്ഥ പിന്തുണ തനിക്കുണ്ടെന്നും പിസി ജോർജ്ജ് കോടതിയിലേക്ക് പോകും വഴി അഭിപ്രായപ്പെട്ടിരുന്നു.

