കീവ്: സമാധാന ചർച്ചകൾക്ക് തയ്യാറെടുക്കുന്നവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ യുക്രെയ്‌നെതിരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. സംഘർഷം ആരംഭിച്ചതിന് ശേഷം നടന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 28 കാരിയായ യുവതി കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനിൽ നിന്ന് വാങ്ങിയ 273 ഷഹീദ് ഡ്രോണുകളാണ് റഷ്യ ആക്രമണത്തിനുപയോഗിച്ചത്.
ഇന്നലെ ഡോണെസ്‌കില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനൊപ്പം ഖേഴ്‌സണിലും സപോറിഷ്യയിലും റഷ്യ ഡ്രോണ്‍ ആക്രമണം നടത്തി.സുമിയില്‍ നടത്തിയ മറ്റൊരാക്രമണത്തിൽ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മണിക്കൂറുകള്‍ക്കകമാണ് റഷ്യ സുമിയില്‍ ആക്രമണം നടത്തിയത്.

