Monday, January 5, 2026

ഒഡീഷ ട്രെയിൻ ദുരന്തം; ഒരു ബോ​ഗിക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു;മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചന

ഒഡീഷ:രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ഒരു ബോ​ഗിക്കുള്ളിൽ ആളുകൾ ഇനിയും കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പ്രാഥമിക നിഗമനം.ഒരു ബോ​ഗിയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. ബോ​ഗി വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതുവരെ 280 പേര്‍ മരിച്ചതായും ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും വിവരം ലഭിച്ചു. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും ട്രെയിന്‍ കോച്ചുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടു. ജൂണ്‍ 3 ന് സംസ്ഥാനത്തുടനീളം ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അറിയിപ്പ്.

അതേസമയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.ആദ്യ അപകടമുണ്ടായതിന് ശേഷം മുന്നറിയിപ്പു സി​ഗ്നലുകൾ കാര്യമായി പ്രവർത്തിച്ചില്ലെന്നാണ് സൂചന. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ സഹായധനവും നൽകും.അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റ നിരവധി പേരെ കട്ടക്ക്, ഭുവനേശ്വര്‍, ബാലസോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles