Tuesday, December 16, 2025

പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾ തെരുവിൽ ! ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ വൻ പ്രക്ഷോഭം ; ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ സുപ്രധാനഭാഗമായ കാരക്കോറം ഹൈവേ തുടർച്ചയായ മൂന്നാം ദിവസത്തിലും സ്തംഭനാവസ്ഥയിൽ

പാക് അധിനിവേശ കശ്മീരിലെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ പ്രവിശ്യയിൽ ജനങ്ങൾ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ തെരുവിലിറങ്ങി. പ്രതിഷേധക്കാരുടെ പ്രകടനങ്ങൾമൂലം ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ സുപ്രധാനഭാഗമായ കാരക്കോറം ഹൈവേ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ് . പാകിസ്ഥാൻ സർക്കാർ അടിച്ചേൽപ്പിക്കുന്ന വ്യാപാര നയങ്ങൾക്കെതിരെയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത് എന്നാണ് വിവരം.

ഹൻസ, ഗിൽഗിറ്റ്, മറ്റ് സമീപ പട്ടണങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളും സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരും പ്രക്ഷോഭകരോടൊപ്പം അണിചേർന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ഹൈവേ ഉപരോധിക്കുമെന്ന് പ്രതിഷേധക്കാർ പ്രതിജ്ഞയെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർലമെന്റിൽ പ്രാതിനിധ്യം ഇല്ലാത്തതിനാൽ പാക് അധിനിവേശ കശ്മീർ മേഖല വിവേചനം നേരിടുന്നുണ്ടെന്ന് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ അസംബ്ലിയിലെ മുൻ അംഗമായ ഹുസൈൻ അവകാശപ്പെട്ടു.

ഗിൽജിത്-ബാൾട്ടിസ്ഥാൻ ഇംപോർട്ടേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ, നഗർ ചേംബർ ഓഫ് കൊമേഴ്‌സ്, നഗർ, ഹുൻസ, ഗിൽഗിറ്റ് എന്നിവിടങ്ങളിലെ ചെറുകിട വ്യാപാര സംഘടനകൾ എന്നിവ ഉൾപ്പെടുന്ന പാക്ക്-ചൈന ട്രേഡേഴ്‌സ് ആക്ഷൻ കമ്മിറ്റിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ആറ് മാസമായി അടച്ചിട്ടിരിക്കുന്ന സോസ്റ്റ് ഡ്രൈ തുറമുഖത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് ക്ലിയറൻസ് താൽക്കാലികമായി നിർത്തിവച്ചതിൽ നിന്നാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. 2024 ഡിസംബർ മുതൽ കുറഞ്ഞത് 257 കണ്ടെയ്നറുകളെങ്കിലും തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇത് സാധനങ്ങൾ കാലാവധി കഴിഞ്ഞ് നശിക്കുന്നതിന് പുറമെ, ദൈനംദിന തുറമുഖ ചാർജുകൾ, മറ്റ് ചെലവുകൾ എന്നിവ കാരണം വൻ സാമ്പത്തിക നഷ്ടത്തിന് കാരണമായെന്നും പ്രതിഷേധിക്കുന്ന വ്യാപാരികൾ പറയുന്നു.

ഒറ്റത്തവണ പൊതുമാപ്പ് പദ്ധതിയിലൂടെ കുടുങ്ങിക്കിടക്കുന്ന ചരക്കുകൾ ഉടൻ നീക്കം ചെയ്യണമെന്നും, കുമിഞ്ഞുകൂടുന്ന നഷ്ടം ഇനി വഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

Related Articles

Latest Articles