ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചവരെ ആയപ്പോള്‍ 36.7 ശതമാനം സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിച്ചത്. വൈകുന്നേരം ആറ് മണിവരെ വോട്ട് ചെയ്യാനുള്ള അവസരമുണ്ട്.
90 നിയമസഭാ മണ്ഡലങ്ങളിലായി 1031 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കിയ വികസന പദ്ധതികളിലൂടെ ഭരണം നിലനിർത്താനാകുമെന്നാണ് ഭരണകക്ഷിയായ ബിജെപി കരുതുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ ഇതിനോടകം തർക്കം ആരംഭിച്ചു കഴിഞ്ഞു. എം.പി. കുമാരി ഷെൽജയും ഭൂപീന്ദർ സിങ് ഹൂഡയും തമ്മിലാണ് മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് മുറുകുന്നത്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി ലോക്‌സഭാംഗമായ ഷെൽജ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ, സിറ്റിങ് എം.പി.മാർ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡെടുത്തിരുന്നു.

