സംസ്ഥാനത്ത് വാഹനങ്ങളില്‍ രൂപമാറ്റം ചെയ്തിട്ടുളളവര്‍ക്ക് ഇനി പണി വീട്ടില്‍ കിട്ടും. മോട്ടോര്‍ വാഹന വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൈലന്‍സ്’ പദ്ധതിയിലൂടെ ഫ്രീക്കന്‍ന്മാരെയാകെ പിടികൂടാനാണ് പരിപാടി. ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങള്‍ മോടി കൂട്ടിയവര്‍ക്കൊക്കെ പിടി വീഴും
പത്തനംതിട്ടയിലാണ് ഇതിനുള്ള ക്രമീകരണം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പത്തനംതിട്ട നഗരത്തിലെ സ്റ്റേഡിയം ജങ്ഷനില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി. രൂപമാറ്റം വരുത്തിയതും എയര്‍ഹോണും മറ്റും ഘടിപ്പിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. 5000 രൂപയാണ് പിഴ ഈടാക്കിയത്. എം.വിഐ. ആര്‍. സൂരജ്, എ.എം.വിഐ. ഷെമീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഓപ്പറേഷന്‍ സൈലന്‍സിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ കമ്പം കണ്ടെത്തുന്ന ഇരുചക്ര വാഹന യാത്രക്കാരെയും. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നവരേയും പൂട്ടും. പരിഷ്‌കരിച്ച ഹാന്‍ഡില്‍ ബാര്‍ അടക്കം ഘടനാപരമായ എല്ലാ മാറ്റങ്ങളും കണ്ടെത്തി പിഴ ഈടാക്കും. കൂടാതെ കൂട്ടിയ മോടി സ്വന്തം ചെലവില്‍ നീക്കുകയും വേണം.
സംസ്ഥാനത്ത് അഞ്ച് നാള്‍ നീളുന്ന പ്രത്യേക പരിശോധനയിലൂടെ പരമാവധിപേരെ പൊക്കും. വഴിയോരങ്ങളിലെ പരിശോധന മാത്രമല്ല. ഇത്തരം വാഹനങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ വിവരങ്ങള്‍ വാട്‌സാപ്പ് നമ്പരില്‍ അറിയിച്ചാല്‍ പണി വീട്ടിലെത്തും..
അതേസമയം ഓപ്പറേഷന്‍ സൈലന്‍സ് നോഡല്‍ ഓഫീസറായി തിരുവല്ല ആര്‍.ടി. ഓഫീസിലെ എ.എം.വി.ഐ. ബി.ശ്രീജിത്തിനെ ചുമതലപ്പെടുത്തി. അനധികൃത ഓള്‍ട്ടറേഷന്‍ നടത്തിയ വാഹനങ്ങളെ സംബന്ധിച്ച പരാതികളും വിവരങ്ങളും ജനങ്ങള്‍ക്ക് പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യുടെ 9188961003 നമ്പരിലേക്കും നോഡല്‍ ഓഫീസറുടെ 9961474950 നമ്പരിലേക്കും അറിയിക്കാം.

