പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം 6 വോട്ടുകൾക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എൽഡിഎഫ് തർക്കമുന്നയിച്ച 348 വോട്ടുകളിൽ സാധുവായത് 32 എണ്ണം മാത്രമാണ്. അതിനാൽ തന്നെ സാധുവായ വോട്ട് എൽഡിഎഫിനാണെന്ന് കണക്കാക്കിയാലും യുഡിഎഫ് 6 വോട്ടിന് ജയിക്കും. ഈ സാഹചര്യത്തിൽ മാറ്റിവെച്ച വോട്ടുകൾ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇടത് സ്ഥാനാർത്ഥിയായിരുന്ന കെപി മുഹമ്മദ് മുസ്തഫയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. 348 തപാൽവോട്ടുകൾ എണ്ണാതെ മാറ്റിവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കെപി മുഹമ്മദ് മുസ്തഫയുടെ ഹർജി. പോസ്റ്റൽവോട്ട് എണ്ണിയാൽ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും പോസ്റ്റൽവോട്ട് നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തത് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും കെപി മുഹമ്മദ് മുസ്തഫ വാദിച്ചു. എന്നാൽ വോട്ടുകൾ നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തതിനാൽ മാറ്റിവെച്ചതിൽ തെറ്റില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവെച്ചിരുന്നു.

