Monday, December 22, 2025

പെരിന്തൽമണ്ണ സ്വർണ കവർച്ച ! അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും അറസ്റ്റില്‍. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെയാണ് കേസില്‍ പോലീസ് പിടികൂടിയത്. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ വാഹനമോടിച്ചിരുന്നത് അര്‍ജുനായിരുന്നു. ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അതേസമയം, ബാലഭാസ്‌കറിന്റെ മരണവുമായി പെരിന്തല്‍മണ്ണയിലെ കേസിന് ബന്ധമില്ലെന്നാണ് നിലവിലെ അനുമാനം.

പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനാണ്. അർജുൻ സ്വർണക്കടത്തിലെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പറഞ്ഞു. ​ സ്വർണം തട്ടിയ സംഘത്തെ മറ്റൊരു കറിൽ കൂട്ടിക്കൊണ്ടുപോകുകയെന്നതായിരുന്നു അർജുന്റെ റോൾ. കേസിൽ 18 പ്രതികളാണ് പോലീസിന്റെ പട്ടികയിലുള്ളത്. ഇതിൽ 13 പ്രതികളാണ് കേസിൽ ഇതുവരെ പിടിയിലായിട്ടുള്ളത്. ആദ്യം നാലു പേരാണ് തൃശൂരിൽ നിന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അർജുന്റെ പങ്ക് വ്യക്തമായത്. തുടർന്നാണ് അർജുനെ പോലീസ് പിടികൂടുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി അർജുനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നത്. ആസൂത്രിതമായി നടന്ന വന്‍കവര്‍ച്ചയില്‍ നേരത്തെ 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുനും(28) ഉണ്ടായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് നേരത്തെ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനാണെന്ന് വ്യക്തമായത്.

അതേസമയം സ്വര്‍ണക്കവര്‍ച്ചയില്‍ പ്രതികളില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് 1.72 കിലോഗ്രാം സ്വര്‍ണവും 32.79 ലക്ഷം രൂപയും കണ്ടെടുത്തത്.

പ്രതികളായ തൃശ്ശൂര്‍ സ്വദേശികളുടെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണവും പണവും. തൃശ്ശൂര്‍ കിഴക്കുംപാട്ടുകര സ്വദേശി മിഥുന്‍രാജ് എന്ന അപ്പുവിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണത്തിന്റെ ഉരുക്കിയ നാല് കട്ടകള്‍ കണ്ടെടുത്തത്. തൃശ്ശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ എന്നയാളുടെ വീട്ടില്‍നിന്ന് രണ്ട് സ്വര്‍ണ കട്ടകളും അരക്കിലോ സ്വര്‍ണം വിറ്റതിന്റെ പണവും കണ്ടെത്തി. പ്രതിയായ പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷിന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഉരുക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.

Related Articles

Latest Articles