ലണ്ടന്‍: 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തിന് വിരാമമിട്ട് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം പീറ്റര്‍ ക്രൗച്ച് ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 42 മത്സരങ്ങളില്‍ ക്രൗച്ച് ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിഞ്ഞിരുന്നു. ഈ ആറടി ഏഴിഞ്ചുകാരന്‍ 2005 മുതല്‍ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗമായിരുന്നു.13 ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ച താരം മുപ്പത്തെട്ടാം വയസിലാണു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
1998-ല്‍ പതിനേഴാം വയസ്സില്‍ ടോട്ടനം ഹോസ്പറിലൂടെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയ ആറടി ഏഴിഞ്ചുകാരന്‍ ഒമ്പത് ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. ലിവര്‍പൂള്‍, പോര്‍ട്‌സ്മൗത്ത്, ആസ്റ്റണ്‍ വില്ല, ബേണ്‍ലി, സ്‌റ്റോക്ക് സിറ്റി എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ക്രൗച്ച് കളിച്ച ക്ലബ്ബുകളുടെ പട്ടിക. ക്ലബ്ബ് ഫുട്‌ബോളില്‍ 468 മത്സരങ്ങളില്‍ നിന്ന് മുപ്പത്തിയെട്ടുകാരന്‍ നേടിയത് 108 ഗോളുകള്‍. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹെഡ്ഡര്‍ ഗോളുകള്‍ നേടിയ റെക്കോഡ് ക്രൗച്ചിന്റെ പേരിലാണ്. 53 ഗോളുകളാണ് ഹെഡ്ഡറിലൂടെ നേടിയത്. നിലവില്‍ ബേണ്‍ലിയുടെ താരമായിരുന്നു ക്രൗച്ച്.

