വാഷിംഗ്ടൺ: മഹാമാരിയായ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സീൻ മാർച്ചിൽ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസർ സിഇഒ ആൽബർട്ട് ബൗർല.
കോവിഡ് വാക്സിൻ ഡോസുകളുടെ നിർമാണം പുരോഗമിക്കുന്നതായും നിലവിലുള്ള എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതാകും വാക്സീനെന്നും ഒരു രാജ്യാന്തര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആൽബർട്ട് ബൗർല പറഞ്ഞു.
എന്നാൽ നിലവിൽ ഉള്ള രണ്ട് വാക്സീൻ ഷോട്ടുകളും ബൂസ്റ്ററും ഒമിക്രോണിൽ നിന്നുള്ള ആരോഗ്യ പ്രത്യാഘാതങ്ങളിൽ സംരക്ഷണം നൽകാൻ ശേഷിയുള്ളതാണെന്നും ആൽബർട്ട് ബൗർല ചൂണ്ടിക്കാട്ടി.
‘ആർജിത പ്രതിരോധശേഷി വളരെ കൂടുതലുള്ള രാജ്യങ്ങളിൽ പോലും ഒമിക്രോൺ അതിവേഗം പകരുന്ന സാഹചര്യത്തിലാണ് പുതിയ വാക്സീൻ നിർമാണത്തിലേക്കു കടക്കുന്നത്.കോവിഡ് വന്നു കഴിഞ്ഞാൽ മരണം സംഭവിക്കാതിരക്കാനും ഗുരുതരമായി രോഗം പിടിപെടാതിരിക്കാനുമുള്ള പരിരക്ഷ കോവിഡ് വാക്സീന്റെ രണ്ട് ഡോസും ബൂസ്റ്ററും സ്വീകരിച്ചവർക്ക് നിലവിൽ ലഭിച്ചിട്ടുണ്ട്. കോവിഡ് വാക്സീനേഷൻ കോവിഡ് കേസുകളും ആശുപത്രി പ്രവേശനവും തമ്മിലുള്ള അനുപാതം കുറച്ചു’- അദ്ദേഹം പറഞ്ഞു.
അതേസമയം ബൂസ്റ്റർ ഡോസുകൾക്ക് കോവിഡിൽ നിന്നുള്ള ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളിൽ നിന്ന് മികച്ച സംരക്ഷണം നൽകാൻ കഴിയുമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി പുറത്തു വിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല മികച്ച സംരക്ഷണമാണ് നൽകുന്നതെങ്കിലും വാക്സീൻ ഡോസുകൾക്കും ബൂസ്റ്ററുകൾക്കും പൂർണ പരിരക്ഷ നൽകാനാവില്ലെന്നും യുകെ ആരോഗ്യ സുരക്ഷാ ഏജൻസി ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ഒമിക്രോൺ വകഭേദം മറ്റ് വകഭേദങ്ങളെ പോലെ തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മരണത്തിനു കാരണമാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

