തിരുവനന്തപരം : ജനത്തിന്റെ നികുതിപ്പണം എങ്ങനെ പാഴാക്കാം എന്നതിൽ സ്വയം മത്സരിച്ച് പിണറായി സർക്കാർ. സർക്കാരിന്റെ കാലത്ത് നിയമിച്ച 7 ജുഡീഷ്യൽ അന്വേഷണ കമ്മിഷനുകൾക്കായി സർക്കാർ ഖജനാവിൽനിന്ന് 6,01,11,166 രൂപ ചെലവായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. 2016 ജൂൺ 20ന് അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും ഹൈക്കോടതിയുടെ മുന്നിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പൊലീസ് ലാത്തി വീശിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എ.മുഹമ്മദ് ജുഡീഷ്യൽ അന്വേഷണ കമ്മിഷനു വേണ്ടിയാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചിരിക്കുന്നത് . 2,77,44,814 രൂപയാണ് മുഹമ്മദ് കമ്മിഷനു മാത്രം ചെലവായത്.
നിയോഗിക്കപ്പെട്ട 2 കമ്മിഷനുകൾ ഇതുവരെ സർക്കാരിന് റിപ്പോർട്ട് പോലും സമർപ്പിച്ചിട്ടില്ല. പൊലിസ് വകുപ്പിൽ ചട്ടങ്ങൾ മറികടന്ന് നടത്തിയ കോടികളുടെ പർച്ചേസുകൾ സിഎജി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വകുപ്പിലെ പർച്ചേസുകൾക്കും കരാറുകൾക്കും കൂടുതൽ മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ 2020 മാർച്ച് ഏഴിന് മുൻ ഹൈക്കോടതി ജഡ്ജി സി.എൻ.രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ മൂന്നു വർഷം കഴിയാറായിട്ടും റിപ്പോർട്ട് ഇതുവരെ സർക്കാർ മേശയിൽ എത്തിയിട്ടില്ല.12,36,074 രൂപയാണ് ഈ വകയിൽ വെള്ളത്തിലായത്. സ്വർണ കള്ളകടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണം നിയമ വിരുദ്ധമാണോ എന്ന് പരിശോധിക്കാൻ മുൻ ഹൈക്കോടതി ജഡ്ജി വി.കെ.മോഹനനെ 2021 മേയ് 7ന് അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു. ഈ കമ്മിഷനും ഇത് വരെ റിപ്പോർട്ട് കൊടുത്തില്ല. 83,76,489 രൂപയാണ് മോഹനൻ കമ്മിഷനു വേണ്ടി സർക്കാർ ചെലവഴിച്ചത്.
സർക്കാർ നിയോഗിച്ച കമ്മിഷനുകളും ചെലവായ തുകയും
- ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ കമ്മിഷൻ – 1,07,82,661 രൂപ
- ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷൻ – 2,77,44,814 രൂപ
- ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷൻ – 25,85,232 രൂപ
- ജസ്റ്റിസ് കെ.നാരായണ കുറുപ്പ് കമ്മിഷൻ – 92,84,305 രൂപ
- ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷൻ – 1,01,791 രൂപ
- ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ – 12,36,074
- ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷൻ – 83,76,489 രൂപ.

