Saturday, December 13, 2025

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന പി.കെ. ബിജുവിന്റെ വാദം പൊളിയുന്നു ! രേഖകൾ പുറത്ത് വിട്ട് അനില്‍ അക്കര

കോഴിക്കോട് : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്നാരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്ത് വന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണെന്നും ബിജു ഇന്ന് പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കരുവന്നൂര്‍ കേസിലെ പ്രതിയുമായി ഒരു ബന്ധവുമില്ലെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും ബിജു പറഞ്ഞിരുന്നു. എന്നാൽ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന ബിജുവിന്റെ വാദത്തിനെതിരെ രേഖകള്‍ അനില്‍ അക്കര സമൂഹ മാദ്ധ്യമത്തിലൂടെ പുറത്തുവിട്ടു.

സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അടങ്ങുന്ന രേഖയാണ് അനില്‍ അക്കര പുറത്തുവിട്ടത്. കരുവന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷിക്കാന്‍ പി.കെ. ബിജുവിനെ ചുമതലപ്പെടുത്തി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതായി രേഖ പറയുന്നു. തന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ന് വൈകുന്നേരം പി.കെ. ബിജു പത്രസമ്മേളനം നടത്തിയതിനു പിന്നാലെയായിരുന്നു അനിലിന്റെ ഫേസ്ബുക് പോസ്റ്റ്.

സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

കല്ലുവെച്ച നുണ പറയുന്നതാര്?
കരുവന്നൂർ ബാങ്കിലെ
സിപിഎം കമ്മീഷൻ അംഗമായ
പി കെ ബിജു പറയുന്നു അങ്ങനെ
ഒരു കമ്മീഷൻ ഇല്ലെന്ന്.
പാർട്ടിയാപ്പീസിൽ ഇരിക്കുന്ന
അന്വേഷണ റിപ്പോർട്ട് ഇന്ന്
അരിയങ്ങാടിയിൽപ്പോലും കിട്ടും.
കാലം മാറി ഇരുമ്പ്
മറയ്ക്ക് തുരുമ്പായി ഓട്ടവീണു
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ
താൻ ചോദിക്ക് താനാരാണെന്ന്
അതാണ് ഇപ്പോൾ ഓർമ്മവരുന്നത്

Related Articles

Latest Articles