Monday, December 15, 2025

പ്രധാനമന്ത്രി വാരാണസിയിൽ ! 2200 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു; ‘ഓപ്പറേഷൻ സിന്ദൂർ’ വിജയം മഹാദേവന് സമർപ്പിച്ചു

വാരാണസി : വാരാണസിയിൽ 2200 കോടി രൂപയുടെ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി, വാരാണസിയുമായുള്ള തൻ്റെ ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തു പറഞ്ഞു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം തൻ്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. പെൺമക്കളുടെ സിന്ദൂരം മായ്ച്ചതിന് പ്രതികാരം ചെയ്യുമെന്ന് താൻ നൽകിയ വാഗ്ദാനം നിറവേറ്റിയെന്നും, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ദൗത്യത്തിലൂടെ ഇത് സാധ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിജയത്തിൻ്റെ മുഴുവൻ ബഹുമതിയും മഹാദേവൻ്റെ അനുഗ്രഹത്തിനാണെന്നും, ദൗത്യവിജയം മഹാദേവൻ്റെ കാൽക്കൽ സമർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാം ഗഡു വിതരണം ചെയ്തുകൊണ്ട് രാജ്യത്തുടനീളമുള്ള 10 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മുൻ സർക്കാരുകൾ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ അപൂർവമായി മാത്രമേ പാലിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 3.75 ലക്ഷം കോടി രൂപ നേരിട്ട് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, പുതിയ റെയിൽവേ മേൽപ്പാലങ്ങൾ, ജൽ ജീവൻ മിഷൻ പദ്ധതികൾ, സ്കൂളുകളുടെ നവീകരണം, ഹോമിയോപ്പതി കോളേജ് നിർമാണം തുടങ്ങി വിവിധ മേഖലകളിലായി 2200 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കമിട്ടത്. ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകുന്ന നിരവധി പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ‘പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന’യ്ക്കും അംഗീകാരം നൽകിയതായി അദ്ദേഹം അറിയിച്ചു. 24,000 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.

‘വോക്കൽ ഫോർ ലോക്കൽ’ എന്ന മന്ത്രം ഏറ്റെടുത്ത് സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു ഇന്ത്യക്കാരന്റെ വിയർപ്പും പ്രയത്നവും കൊണ്ട് നിർമ്മിക്കുന്നതെന്തും സ്വദേശിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രത്തിനുള്ള യഥാർത്ഥ സേവനമായിരിക്കുമെന്നും വരാനിരിക്കുന്ന ഉത്സവ സീസണിൽ സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Latest Articles