ദില്ലി: തകർന്ന അഴുക്കുചാലിന്റെയും മാലിന്യ കൂമ്പാരത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെയും ചിത്രങ്ങളെടുക്കണമെന്നും ലൊക്കേഷൻ സഹിതം സമൂഹ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് ആം ആദ്‌മി പാർട്ടിയെ തുറന്നുകാട്ടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദില്ലിയുടെ ഭരണം പിടിക്കുക എന്നതാണ് പ്രധാനം. തലസ്ഥാനനഗരിയെ ഇനിയും ഇങ്ങനെ വിടാൻ കഴിയില്ല. പത്തുവർഷത്തെ ആം ആദ്‌മി ഭരണം കാരണം എല്ലാം നശിച്ചു. ദില്ലിയെ തിരിച്ചു പിടിക്കേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ട്. ഓരോരുത്തരും അവരവരുടെ ബൂത്തുകളെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണങ്ങളിൽപ്പെട്ട് പ്രതിശ്ചായ നഷ്ടപ്പെട്ട ആം ആദ്‌മി പാർട്ടിയുടെ അവസ്ഥ മുതലെടുത്ത് സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് ബിജെപി ശ്രമം. ബൂത്ത് തല പ്രവർത്തകരോട് പ്രധാനമന്ത്രി നേരിട്ടാണ് സംവദിച്ചത്. ദില്ലി തെരഞ്ഞെടുപ്പിനെ ബിജെപി എത്രമാത്രം ഗൗവരവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണിത്. കോൺഗ്രെസ്സിനുവേണ്ടി രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നറിയിച്ചെങ്കിലും അവസാന നിമിഷം രാഹുലിന്റെ റാലികൾ മാറ്റിയിട്ടുണ്ട്.
1998 ന് ശേഷം ബിജെപിയ്ക്ക് ഭരണം ലഭിക്കാത്ത ഏക ഉത്തരേന്ത്യൻ സംസ്ഥാനമാണ് ദില്ലി. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ട് വിഹിതത്തോടെ 70 അംഗ നിയമസഭയിൽ 62 സീറ്റുകൾ ആംആദ്‌മി പാർട്ടി നേടിയിരുന്നു. ഈ കണക്കുകൾ പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുവെങ്കിലും അഴിമതിക്കേസുകളിൽ മുഖ്യമന്ത്രിയടക്കം കുടുങ്ങിയത് പാർട്ടിക്ക് തിരിച്ചടിയാണ്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. മുഴുവൻ സീറ്റുകളിലും ബിജെപിയ്ക്കായിരുന്നു വിജയം മാത്രമല്ല 53 നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‌തിരുന്നു.

