ന്യൂഡൽഹി : നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന് ഇലക്ഷൻ കമ്മീഷൻ വിലക്കേര്‍പ്പെടുത്തില്ലെന്ന് സൂചന. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചിത്രത്തിന് വിലക്കേർപ്പെടുത്താനുള്ള നീക്കമില്ലെന്ന് കമ്മീഷനിൽ നിന്നുള്ള ചിലരെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ എത്തുന്നത്. സെൻസർ ബോര്‍ഡാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഇവർ പറയുന്നത്.
ഒമങ് കുമാർ സംവിധാനം ചെയ്ത പിഎം നരേന്ദ്രമോദി എന്ന ചിത്രം ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം ചിത്രത്തിന്റെ റിലീസിംഗ് തീയതി നീട്ടി വയ്ക്കുമോ അതോ സെന്‍സർ ബോർഡ് തീരുമാനത്തിന് വിടുമോ എന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും എത്തിയിട്ടില്ല.
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്രോയിയാണ് മോദിയായെത്തുന്നത്.

