കോട്ടയം: ജില്ലാ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി പോലീസ്. മുണ്ടക്കയം സ്വദേശി ബിജീഷിനെയാണ് പോലീസ് പിടികൂടിയത്. കോട്ടയത്ത് നിന്ന് രക്ഷപ്പെട്ട് ബംഗളൂരിലേക്ക് കടന്ന ബിജീഷിനെ അവിടെയെത്തി പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 24 നായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഇയാൾ റിമാന്റിൽ ആയിരുന്നു.
എന്നാൽ ഇതിനിടെ ശക്തമായ വയറുവേദന അനുഭവപ്പെട്ടതായി അറിയിച്ചതിനെ തുടർന്നാണ് ബിജീഷിനെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇയാൾ പോലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ഇയാൾക്കായി ജില്ലയിൽ പോലീസ് ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ബിജീഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

