വയനാട്: പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ
മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി കോടതിയിൽ.എ എസ് ഐ ടി ജി ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ കൽപ്പറ്റ പോക്സോ കോടതി ശനിയാഴ്ച വിധി പറയും.
ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പെൺകുട്ടിയെ എ എസ് ഐ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതി ടി ജി ബാബു ഒളിവിൽ തുടരുകയാണ്. പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പെൺകുട്ടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ പ്രതി ടി ജി ബാബു ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റ് വൈകിപ്പിച്ചതിലൂടെ അമ്പലവയല്‍ എഎസ്ഐയ്ക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്നാണ് പരാതി. അറസ്റ്റ് വൈകുന്നതിൽ അതൃപ്തിയുമായി അതിജീവിതയുടെ കുടുംബവും വിവധ ആദിവാസി സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രതിക്ക് മുൻകൂർ ജാമ്യം തേടാനുള്ള സഹായം പോലീസ് ഒരുക്കി നൽകുകയാണെന്നാണ് ആരോപണം. ഊട്ടിയിൽ തെളിവെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ സോബിൻ, സിപിഒ പ്രജിഷ എന്നിവർക്കെതിരെ നടപടിയുണ്ടായിട്ടില്ല.

