കൊച്ചി: സൈബർ ആക്രമണ പരാതിയിൽ ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അശ്ളീല കമന്റ് ഇട്ട എല്ലാവരെയും പിടികൂടാനാണ് പോലീസ് തീരുമാനം. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുന്നു. നടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പോലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റ് രേഖപ്പെടുത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. സൈബർ പോലീസിന്റെ സഹായത്തോടെ കൊച്ചി പൊലീസാണ് നടപടികളെടുക്കുന്നത്.
നടിക്കെതിരെയുള്ള അശ്ലീല പരാമർശങ്ങൾക്കെതിരെ താരസംഘടനയായ അമ്മയും അപലപിച്ചു. സ്ത്രീത്വത്തെയും തൊഴിലിനെയും അപലപിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. ആവശ്യമെങ്കിൽ ഹണി റോസിന് നിയമസഹായത്തിന് വഴിയൊരുക്കുമെന്നും താരസംഘടന അറിയിച്ചു. നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും അശ്ലീലം പറഞ്ഞാൽ നിയമവഴികൾ തേടുമെന്നും ഹണി വ്യക്തമാക്കിയിരുന്നു. തന്റെ വസ്ത്രധാരണത്തെ വിമർശിക്കുകയും തമാശ പറയുകയും ചെയ്യാം. ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കുമായാണ് യുദ്ധം പ്രഖ്യാപിച്ചതെന്നും ഹണി റോസ് ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.
ഒരു വ്യവസായ പ്രമുഖൻ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്നെ നിരന്തരം അപമാനിക്കുകയാണെന്ന് ഹണി റോസ് നേരത്തെ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് നടിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്.

