Saturday, December 13, 2025

കുപ്രസിദ്ധ ഗുണ്ടാ വികാസ് ദുബെയുടെ അനുയായിയെ എൻകൗണ്ടറിൽ വധിച്ച് പൊലീസ്; വികാസ് ദുബെയ്ക്കായുള്ള അന്വേഷണം ശക്തം

ലഖ്‌നൗ : യൂപിയിലെ കുപ്രസിദ്ധ ഗുണ്ട വികാസ് ദുബെ\യുടെ വലം കൈയായ അമര്‍ ദുബെയെ എൻകൗണ്ടറിൽ വധിച്ച്‌ പൊലീസ് . ബുധനാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലേക്ക് പോകുന്നതിനിടെ ഹമിര്‍പുരിലെ മോഥയില്‍ വച്ചാണ് ഇയാളെ പൊലീസ് വധിച്ചത്. പൊലീസ് തേടുന്ന കുറ്റവാളികളുടെ പട്ടികയിൽ ഇയാളുടെ പേരുമുണ്ടായിരുന്നു . ഇയാളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതിനിടെ, വികാസ് ദുബെ ഫരീദാബാദിലുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചു. വികാസ് ദുബെ അവിടെ ഒരു ഹോട്ടലില്‍ എത്തിയ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. മാസ്‌ക് ധരിച്ച്‌ ദുബെ എന്നു സംശയിക്കുന്നയാളുടെ ചിത്രമാണ് പൊലീസിന് ലഭിച്ചത്. ഹോട്ടലിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസ് എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ദുബെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി വ്യക്തമായി. ഹോട്ടലിലെ റെയ്ഡില്‍ നാല് പിസ്റ്റളുകള്‍ പിടിച്ചെടുത്തു.

ഈ മാസം എട്ടിന് വികാസ് ദുബെയും സംഘവും കാണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാരെ ദാരുണമായി വധിച്ചിരുന്നു. പൊലീസില്‍ നിന്നുള്ള ഒറ്റാണ് വികാസിന് പൊലീസ് സംഘത്തെ ആക്രമിക്കാന്‍ സഹായിച്ചത് . വികാസിന്റെ കൂട്ടാളികളായ രണ്ടുപേരെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചിരുന്നു.

അതേസമയം, ഫരീദാബാദ്- ഗുഡ്ഗാവ് അതിര്‍ത്തിയില്‍ വലിയ ജാഗ്രതയാണ് അന്വേഷണ സംഘം പുലർത്തുന്നത് . ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നുകളയാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നടപടി . ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു .

Related Articles

Latest Articles