കൊല്ലം: ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പൂക്കളം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടതിൽ വൻ വിവാദം. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ക്ഷേത്രത്തിന് മുൻപിലെ വഴിയിൽ പ്രദേശത്തെ ഒരു കൂട്ടം യുവാക്കളാണ് പൂക്കളം തയ്യാറാക്കിയത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്ന് രേഖപ്പെടുത്തിയതാണ് പോലീസ് ഇടപെടലിന് കാരണമായത്.
പൂക്കളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സംഘം സ്ഥലത്തെത്തി. ഇത് നീക്കിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും, യുവാക്കൾക്കെതിരെ കേസെടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ക്ഷേത്ര ഭരണ സമിതിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അത്തപ്പൂക്കളം ഇടുന്നതിനെതിരെ ക്ഷേത്ര ഭരണ സമിതി പോലീസിൽ പരാതി നൽകുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അത്തപ്പൂക്കളം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്ഥലത്ത് തർക്കങ്ങൾ ഉടലെടുത്തു. യുവാക്കൾ പൂക്കളം മാറ്റാൻ തയ്യാറായിട്ടില്ല എന്നാണ് വിവരം

