ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. സംസ്ഥാനത്ത് നടന്നത് ലോകപ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാനുള്ള ഗൂഡാലോചനയെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുറന്നടിച്ചു. ജഗൻമോഹൻ റെഡ്‌ഡി ഭരണകാലത്താണ് തിരുപ്പതി ദേവസ്ഥാനം ഗുണനിലവാരമില്ലാത്ത നെയ്യ് ലഡ്ഡു നിർമ്മിക്കാനായി വാങ്ങിയത്. ഈ നെയ്യ് മൃഗക്കൊഴുപ്പ് ചേർന്നതാണെന്നും ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാൻ ജഗൻ സർക്കാർ കൂട്ടുനിന്നുവെന്നും ഇന്നലെ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടിയും മുഖ്യമന്ത്രിയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും വൈ എസ് ആർ കോൺഗ്രസ് പ്രതികരിച്ചിരുന്നു.
എന്നാൽ നെയ്യ് പരോശോധിച്ച ലാബ് റിപ്പോർട്ട് പിന്നാലെ സർക്കാർ പുറത്തുവിട്ടു. തിരുപ്പതിയിൽ ലഡ്ഡു നിർമ്മിക്കാനായി എത്തിച്ചേരുന്ന നെയ്യിൽ പോത്തിന്റെ കൊഴുപ്പ്, പന്നിയുടെ നെയ്യ്, മീനെണ്ണ തുടങ്ങിയ മൃഗക്കൊഴുപ്പുകൾ ഗുജറാത്ത് ആസ്ഥാനമായ ലാബിന്റെ പരിശോധനാ റിപ്പോർട്ടിലുണ്ടായിരുന്നു. സെന്റർ ഫോർ അനാലിസിസ് ആൻഡ് ലേർണിംഗ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് എന്ന സ്ഥാപനമാണ് പരിശോധന നടത്തിയത്. ജൂലൈ നാലിനായിരുന്നു പരിശോധനയ്ക്കായി സാമ്പിൾ സ്വീകരിച്ചത്. ജൂലൈ 16 നാണ് പരിശോധനാ ഫലം വന്നത്.
ബിജെപിയും ഹിന്ദു സംഘടനകളും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജഗൻമോഹൻ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു. ജഗൻമോഹൻ റെഡ്ഢിയുടെ ഭരണകാലത്ത് ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. അന്യ മതസ്ഥരെ ക്ഷേത്രം ജീവനക്കാരായി വ്യാപകമായി നിയമിക്കുന്ന രീതിയും മുൻ സർക്കാറിന്റെ കാലത്തുണ്ടായിരുന്നു. രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ ശുദ്ധി ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയർന്നു. പരിശോധന കർശനമാക്കാൻ വിവിധ ദേവസ്വങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്ര പ്രസാദങ്ങളുടെ അസംസ്‌കൃത വസ്തുക്കളിൽ ബോധപൂർവ്വമായി മായംകലർത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

