പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ കേരളത്തിന് സമാനമായി മറ്റ് സംസ്ഥാനങ്ങളിലും നിക്ഷേപകരുടെ പരാതികൾ കൂടി വരികയാണ്. കേരളത്തിന് പുറമേ കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പോപ്പുലർ ഫിനാൻസിന് ശാഖകളുണ്ട്. പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി പോലീസ് ദില്ലിയിലും മറ്റ് സംസ്ഥാനങ്ങളിലും പോയി തെളിവ് ശേഖരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബാംഗ്ലൂർ യശ്വന്തപുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോപ്പുലർ ഫിനാൻസിന്റെ മത്തിക്കെരെ ബ്രാഞ്ചിതെതിരെ മലയാളിയായ പ്രേംകുമാർ എന്ന വ്യക്തിയാണ് പരാതി നൽകിയത്. തന്റെ 32 ലക്ഷം രൂപ തട്ടിച്ചു എന്ന് ആരോപിച്ചാണ് അദ്ദേഹം പോലീസിനെ സമീപിച്ചത്. മറ്റ് നിരവധി പേർ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കർണാടക പോലീസ് പരാതി ഫയലിൽ സ്വീകരിച്ചില്ലെന്ന ആരോപണമുണ്ട്. ഇതിനെ തുടർന്ന് പ്രതിസന്ധിയിലായ നിക്ഷേപകരുടെ വാട്സാപ്പ് കൂട്ടായ്മ ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിട്ടുണ്ട്.
കർണ്ണാടകയിൽ നിന്ന് ആയിരത്തോളം നിക്ഷേപകരുടെ 200 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബാംഗ്ലൂരിലെ ചില നിക്ഷേപകർ ഓൺലൈനായി കോന്നി പോലീസിനും പരാതി നൽകിയിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ റോയിക്കും കുടുംബത്തിനും ഭൂമി ഇടപാടുകളുണ്ട്. വിവിധ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകളിൽ ഇവർ പണം നിക്ഷേപിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പണം ഇവർ പല മാർഗത്തിലൂടെ ഓസ്ട്രേലിയയിലേക്ക് കടത്തിയെന്നാണ് കരുതുന്നത്. മുൻപ് ഇവർ ഓസ്ട്രേലിയയിൽ നിന്ന് പഴയ കംപ്യൂട്ടർ ഇറക്കുമതി ചെയ്യുന്ന ബിസിനസ് നടത്തിയിരുന്നു. കംപ്യൂട്ടർ ഇടപാടിലൂടെ ആറ് കോടിയോളം രൂപ പ്രതികൾക്ക് ലഭിച്ചു.

