വി.വി. രാജേഷിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയിൽ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനൽകി.പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും ഇവ ഒട്ടിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും രാജീവ് ചന്ദ്രശേഖർ നിർദേശം നൽകി. ബിജെപി പ്രതികരണവേദി എന്ന പേരിലായിരുന്നു പോസ്റ്ററുകൾ പതിച്ചിരുന്നത്.
ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജേഷ് സാമ്പത്തിക തട്ടിപ്പുകാരനാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാൻ രാജേഷ് ശ്രമിച്ചുവെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്.
പോസ്റ്ററുകൾ പതിച്ചതിനെതിരെ വി.വി. രാജേഷ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ സംഭവത്തിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖർതന്നെ രംഗത്തെത്തിയത്.

