Tuesday, December 16, 2025

‘പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം’; നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകും

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിയെ സമീപിക്കുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നാണ് ജയിൽ മോചിതയായ ശേഷം പിപി ദിവ്യയുടെ പ്രതികരണം. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ കഴിഞ്ഞ ദിവസം ജയിൽ മോചിതയായത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാദ്ധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചിരുന്നില്ല.

ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും രണ്ടു പേരുടെ ആൾ ജാമ്യവും വേണമെന്നാണ് ജാമ്യം നൽകുന്നതിനുള്ള ഉപാധികൾ. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും വിധിപ്പകർപ്പിലുണ്ട്. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിയിൽ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാൻഡ് കാലാവധി അവസാനിക്കും.

അതേസമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

Related Articles

Latest Articles