Wednesday, December 17, 2025

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് തുടക്കം; സൃഷ്ടിക്കപ്പെടുക 3.5 കോടി തൊഴിലവസരങ്ങൾ !

ദില്ലി : രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ (PMVBRY) രജിസ്ട്രേഷൻ പോർട്ടൽ പ്രവർത്തനക്ഷമമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച ഈ ബൃഹത്തായ തൊഴിൽ പദ്ധതിക്കായി 99,446 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ വകയിരുത്തിയത്.

2025 ജൂലൈ 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ഈ പദ്ധതി, എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഉത്പാദന മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ 2025 ഓഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31 നുമിടയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾക്ക് ബാധകമായിരിക്കും.

ആനുകൂല്യങ്ങൾ ഇങ്ങനെ:

പുതുതായി ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെയും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തൊഴിലുടമകൾക്ക് ഒരു ജീവനക്കാരന് പ്രതിമാസം 3000 രൂപ വരെയും പ്രോത്സാഹനമായി നൽകും. ജീവനക്കാർക്കുള്ള തുക ആധാർ ബ്രിഡ്ജ് പേയ്‌മെന്റ് സിസ്റ്റം (ABPS) വഴി നേരിട്ടുള്ള ആനുകൂല്യ വിതരണ (DBT) സംവിധാനത്തിലൂടെയാണ് കൈമാറുക. തൊഴിലുടമകൾക്കുള്ള പ്രോത്സാഹന തുക പാൻകാർഡുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും.

രജിസ്‌ട്രേഷൻ നടപടികൾ:
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി തൊഴിലുടമകൾക്ക് https://pmvbry.epfindia.gov.in അല്ലെങ്കിൽ https://pmvbry.labour.gov.in എന്നീ പോർട്ടലുകൾ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന ജീവനക്കാർ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി UMANG ആപ്പിൽ ലഭ്യമായ ഫേസ് ഓഥൻ്റിക്കേഷൻ ടെക്നോളജി (FAT) ഉപയോഗിക്കാവുന്നതാണ്.

പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ:

ജീവനക്കാർക്ക്: തൊഴിൽ പരിശീലനം, സാമ്പത്തിക സാക്ഷരതാ കഴിവുകൾ, സാമൂഹിക സുരക്ഷാ പരിരക്ഷയിലൂടെയുള്ള തൊഴിലിന്റെ ഔപചാരികവൽക്കരണം എന്നിവ സാധ്യമാകും.

തൊഴിലുടമകൾക്ക്: അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, തൊഴിലാളികളുടെ ഉത്പാദനക്ഷമതയും സ്ഥിരതയും വർദ്ധിപ്പിക്കാൻ ഇത് പ്രോത്സാഹനം നൽകും.

1952-ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസ്ലേനിയസ് പ്രൊവിഷൻസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Related Articles

Latest Articles