കായംകുളം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റില്‍ കമന്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞ ശേഷമാണ് ഇനി കൂടുതല്‍ പറയുന്നില്ലെന്നും ഇവിടെ നിര്‍ത്തുകയാണെന്നും പ്രതിഭ വ്യക്തമാക്കിയത്.
മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ആക്രമണം തനിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് പ്രതിഭ കുറിച്ചു.
വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെയുണ്ടെന്ന് മനസിലായി. കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത് എന്നും പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റില്‍ പ്രതിഭ കമന്റ് ഇട്ടതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.
ഇതോടെ പ്രതിഭയ്‌ക്കെതിരെ ഫേസ്ബുക്കിലെ കമന്റുകളിലൂടെ വലിയ വിമര്‍ശനങ്ങള്‍ വന്നു. പിന്നീട്, ഫേസ്ബുക്ക് കുറിപ്പിന് താഴെ മന്ത്രി പക്ഷപാതിത്തം കാണിക്കുന്നു എന്ന തരത്തില്‍ എംഎല്‍എ കമന്റിട്ടത് ശരിയായില്ലെന്ന് കെ കെ ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിഭ എംഎല്‍എയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ഗ്യാംഗ് അറ്റാക്ക് ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോള്‍ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.

