കണ്ണൂർ : കോളിളക്കമുണ്ടാക്കിയ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ അബ്ദുൾ റഹ്മാനെ എൻഐഎ അറസ്റ്റ് ചെയ്തു. ഖത്തറിൽ നിന്ന് വന്നിറങ്ങവേ കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൾ റഹ്മാനെ കസ്റ്റഡിയിലെടുത്തത്. കേസിൽ 28 പ്രതികളാണ് ഉള്ളത്. ഇവരിൽ ഇനി പിടികൂടാനുണ്ടായിരുന്ന ആറു പ്രതികളിൽ ഒരാളായിരുന്നു അബ്ദുൾ റഹ്മാൻ.
2022 ൽ ആണ് ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരുവിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയിരുന്നത്. രണ്ട് വർഷത്തോളമായി അബ്ദുൾ റഹ്മാൻ ഖത്തറിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ പിടികൂടുകയോ പിടികൂടാൻ ആവശ്യമായ വിവരം നൽകുകയോ ചെയ്യുന്നവർക്ക് നാല് ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈ 26 ന് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിൽ വെച്ച് പ്രവീൺ നെട്ടാരു ക്രൂരമായി കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരത വളർത്താനും വർഗീയ കലാപം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രവീൺ നെട്ടാരു കൊലപാതകം.

