സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അപ്പീൽ പ്രളയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മത്സരങ്ങൾക്ക് വിധി കര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത കാണിക്കണമെന്നും വിധി കര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കലോത്സവ പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് സർക്കാരിന് ആലോചിക്കാമെന്ന് സ്കൂൾ കലോത്സവം നാളെ തുടങ്ങാനിരിക്കെയാണ് നിരവധി ഹർജികൾ ഇന്ന് അവധിക്കാല ബെഞ്ചിൽ എത്തിയത്. ഈ ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമർശനം.
ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താനാവില്ല. പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ വേണം. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥരും ട്രൈബ്യൂണലില്‍ നിയമിക്കാം. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

