ദില്ലി : ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഏറ്റുവാങ്ങി. രാജ്യതലസ്ഥാനത്തെ വിജ്ഞാൻ ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്നാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. നിറഞ്ഞ കയ്യടികളോടെ സദസ്സ് എഴുന്നേറ്റുനിന്നാണ് ഈ ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിച്ചത്.
ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ നൽകിയ അതുല്യമായ സംഭാവനകളെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രശംസിച്ചു. “താങ്കളൊരു ഉഗ്രൻ നടനാണ്” എന്ന് മലയാളത്തിൽത്തന്നെ അദ്ദേഹം മോഹൻലാലിനെ അഭിനന്ദിച്ചു. വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു മോഹൻലാലിനെ ‘ലാലേട്ടൻ’ എന്നാണ് സ്നേഹപൂർവ്വം വിശേഷിപ്പിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ സൈനികനായും കവിയായും സാധാരണക്കാരനായും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ അതുല്യപ്രതിഭയാണ് മോഹൻലാൽ. അഭിനയം കേവലം ഒരു കലയല്ലെന്ന് അദ്ദേഹം തെളിയിച്ചുവെന്നും ജാജു കൂട്ടിച്ചേർത്തു.
2023-ലെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004-ൽ പുരസ്കാരം ലഭിച്ചതിനുശേഷം രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഈ ദേശീയ ബഹുമതി മലയാള സിനിമയിലേക്കെത്തുന്നത്.
സ്വർണകമൽ മുദ്രയും ഫലകവും പത്ത് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ദാദാസാഹേബ് ഫാൽക്കെ പുരസ്കാര നിർണയ സമിതിയാണ് മോഹൻലാലിനെ ഈ ബഹുമതിക്കായി തെരഞ്ഞെടുത്തത്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

