പത്തനംതിട്ട : സന്നിധാനത്ത് ഇരുമുടിക്കെട്ടുമായെത്തി അയ്യപ്പ സ്വാമിയെ വണങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. ലാൻഡിങ്ങിനിടെ ഹെലിക്കോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന് വൻ സുരക്ഷാ വീഴ്ചയുണ്ടായി. നിശ്ചയിച്ചതില്‍നിന്ന് അഞ്ചടി മാറിയാണ് ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തേക്ക് ഹെലിക്കോപ്റ്റര്‍ പിന്നീട് തള്ളിമാറ്റുകയായിരുന്നു.

പിന്നീട് റോഡുമാര്‍ഗം രണ്ടുമണിക്കൂറോളം യാത്രചെയ്താണ് രാഷ്‌ട്രപതി പമ്പയിലെത്തിയത്. പിന്നീട് പമ്പാ സ്‌നാനം നടത്തി കെട്ടുനിറച്ച് മലകയറി. പ്രത്യേക ഗൂര്‍ഖ വാഹനത്തിലാണ് സന്നിധാനത്തെത്തിയത്.
തുടര്‍ന്ന് ഇരുമുടിയേന്തി 18-ാംപടി ചവിട്ടി മേലേതിരുമുറ്റത്തെത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി രാഷ്ട്രപതിയെ സ്വീകരിച്ചു. പിന്നീട് ശ്രീകോവിലിന്റെ മുന്നിലെത്തി ദര്‍ശനം നടത്തുകയായിരുന്നു.

ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു.


