സുറിനാം സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്. ഇപ്പോൾ സുറിനാം സന്ദർശിക്കുന്ന രാഷ്ട്രപതി സുറിനാം പ്രസിഡന്റ് ചാൻ സന്തോഖിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. സുറിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് ഓർഡർ ഓഫ് ദി ചെയിൻ ഓഫ് ദി യെല്ലോ സ്റ്റാർ’ എന്ന പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ദ്രൗപദി മുർമ്മു. പുരസ്‌കാര നേട്ടം അതീവ പ്രാധാന്യമുള്ളതാണെന്നും ഇത് 140 കോടി ഇന്ത്യാക്കാർക്ക് ലഭിച്ച പുരസ്‌കാരമാണെന്ന് രാഷ്ട്രപതി ട്വിറ്ററിൽ പ്രതികരിച്ചു. ഇന്ത്യയും സുറിനാമും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും പുരസ്‌കാരം ഇരുരാജ്യങ്ങളിലെയും ഭാവി തലമുറക്ക് സമർപ്പിക്കുന്നതായും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
അതിനിടെ പുരസ്‌കാര നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയെ അഭിനന്ദിച്ചു. സുറിനാം സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാര നേട്ടത്തിൽ രാഷ്ട്രപതിയെ അഭിനന്ദിക്കുന്നതായും, സുറിനാം സർക്കാരും ജനങ്ങളും നൽകിയ ഈ ആദരവ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ രാഷ്ട്രപതി ജൂൺ 4 നാണ് സുറിനാമിലെത്തിയത്. ആരോഗ്യം, കൃഷി മേഖലകളിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്ന കരാറുകളിൽ ഇരു രാജ്യങ്ങളും ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദർശനവേളയിൽ ഒപ്പുവയ്ക്കും.

