Sunday, December 14, 2025

സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ് ; കാറുകളിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് ; ഡിസംബർ മുതൽ പിഴ ഈടാക്കും

സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്. ഇതിന് പുറമെ 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കും. 1-4 വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും 4-14 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റാണ് നിര്‍ബന്ധമാക്കുക. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

4-14 വയസ്സുവരെയുള്ള കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് സീറ്റ് തയ്യാറാക്കണമെന്നാണ് ഗതാഗത കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഇരുചക്ര വാഹനയാത്രയിൽ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു.

ഇതുസംബന്ധിച്ച് ഒക്ടോബര്‍ മാസത്തില്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനങ്ങൾ

നാലുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. കാറിന്റെ പിന്‍സീറ്റിലായിരിക്കണം ഇത്. നവജാതശിശുക്കള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്.

നാലുമുതല്‍ 14 വയസ്സ് വരെ പ്രായമുള്ള 135 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്കായി സേഫ്റ്റി ബെല്‍റ്റോട് കൂടിയ ‘ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യന്‍’ ഉപയോഗിക്കണം. ഇതും കാറിന്റെ പിന്‍സീറ്റില്‍ മാത്രമേ ഘടിപ്പിക്കാവൂ.

ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കുന്നത് കുട്ടിയുടെ ഉയരം അടക്കമുള്ള കാര്യങ്ങൾക്ക് അനുസരിച്ചായിരിക്കണം. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡ്രൈവര്‍ ജാഗ്രത കാണിക്കണം.

നാല് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.

കുട്ടിയെ വാഹനം ഓടിക്കുന്നയാളുമായി ബന്ധിപ്പിക്കുന്ന സേഫ്റ്റി ബെല്‍റ്റും സുരക്ഷയ്ക്കായി ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് നിര്‍ബന്ധമില്ലെന്നും പല കുട്ടികളും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഉറങ്ങിപ്പോകുന്നതിനാലാണ് ഇത് നിര്‍ദേശിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Related Articles

Latest Articles