ജോഹന്നാസ്ബർഗ്: ജി 20 ഉച്ചകോടിക്കിടെ ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ ത്രിരാഷ്ട്ര സാങ്കേതികവിദ്യാ, നവീകരണ കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
“ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (ACITI) പങ്കാളിത്തം ഇന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, കാനഡയുടെ മാർക്ക് കാർണി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
മൂന്ന് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലുമുള്ള ജനാധിപത്യ പങ്കാളികൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക, വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ സഹകരണം മെച്ചപ്പെടുത്തുക,
വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണം , ശുദ്ധ ഊർജ്ജം, നിർമ്മിത ബുദ്ധി എന്നിവയുടെ ഉപയോഗം പിന്തുണയ്ക്കുക എന്നിവയാകും സഖ്യത്തിന്റെ ലക്ഷ്യങ്ങൾ.
ത്രിരാഷ്ട്ര പങ്കാളിത്ത പ്രഖ്യാപനത്തിനു പുറമെ, പ്രധാനമന്ത്രി മോദി ശനിയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും കൂടിക്കാഴ്ച നടത്തി.
ജി20 നേതാക്കളുടെ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, ആഗോള വികസന മാനദണ്ഡങ്ങളെക്കുറിച്ച് ഒരു സുപ്രധാനമായ പുനർവിചിന്തനം വേണമെന്ന് ആഹ്വാനം ചെയ്തു. കൂടാതെ, മയക്കുമരുന്ന്-ഭീകരത ബന്ധത്തെ നേരിടാൻ ജി20 സംരംഭം സ്ഥാപിക്കാനും, ആഗോള ആരോഗ്യ പ്രതികരണ ടീമിന് രൂപം നൽകാനും അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു.

