Saturday, December 20, 2025

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരൻ !എം ടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : എം ടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു എംടിയെന്ന് പ്രധാനമന്ത്രി അനുശോചിച്ചു .എംടിയുടെ രചനകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു എം ടിയെന്നും അനുശോചന സന്ദേശത്തില്‍ നരേന്ദ്രമോദി വ്യക്തമാക്കി.

കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് എം ടി വാസുദേവൻ നായർ വിടവാങ്ങിയത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്നലെ വൈകുന്നേരത്തോടെ വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു എം.ടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Related Articles

Latest Articles