ദില്ലി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വിടവാങ്ങിയത് ആര്‍ദ്രതയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി സമൂഹ മാദ്ധ്യമായ എക്സിൽ കുറിച്ചു.
ഇന്ത്യൻ സമയം രാവിലെ 11 .05 ആണ് ഫ്രാൻസിസ് മാർപാപ്പ വിട വാങ്ങിയത്. വിയോഗ വിവരം വിഡിയോയിലൂടെ ആണ് വത്തിക്കാൻ ലോകത്തെ അറിയിച്ചത് . 1936 ഡിസംബര്‍ 17-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ റെയില്‍വേ തൊഴിലാളിയായ മരിയോ ജോസ് ബെര്‍ഗോളിയോയുടെയും സാധാരണക്കാരിയായ വീട്ടമ്മ മരിയ സിവോറിയയുടെയും അഞ്ചു മക്കളില്‍ ഒരാളായി ജനനം. ഇറ്റലിയില്‍നിന്നു കുടിയേറിയ ഒരു മധ്യവര്‍ഗ കുടുംബമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്. സാധാരണ കുടുംബത്തില്‍ ജനിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞും ഇടപഴകിയും വളര്‍ന്നതിനാല്‍ താഴേക്കിടയിലുള്ളവര്‍ക്ക് അദ്ദേഹം പ്രത്യേകം പരിഗണന നല്‍കിയിരുന്നു.. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഒട്ടേറെ ഭരണപരമായ ചുമതലകള്‍ വഹിച്ച അദ്ദേഹം തീര്‍ത്തും വ്യത്യസ്തനായിരുന്നു. വിനയാന്വിതമായ പെരുമാറ്റം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
മറ്റ് മതങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും പോപ്പിന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. മ ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം, കൃത്രിമ ജനനനിയന്ത്രണം മുതലായ വിഷയങ്ങളില്‍ സഭയിലെ പരിഷ്‌കരണവാദികളുടെ മറുചേരിയിലാണ് പോപ്പിന്റെ സ്ഥാനം. സ്വവര്‍ഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ ‘അനീതി’ എന്ന് വിമര്‍ശിച്ച അദ്ദേഹം ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും സ്വവര്‍ഗരതിക്കാരായവരെ സഭയിലേക്ക് സ്വാഗതം ചെയ്യാന്‍ കത്തോലിക്കാ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ക്രൈസ്തവര്‍ ചെയ്യുന്ന കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിയുടെ സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും സഭയെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ പാപ്പയ്ക്ക് സാധിച്ചു.

