നികോസിയ: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദർശനം. പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദർശനം പ്രാധാന്യമേറിയതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. തുര്‍ക്കിയും സൈപ്രസും തമ്മിലുള്ള ബന്ധവും മികച്ചതല്ല. സൈപ്രസിന്റെ ഒരുഭാഗം തുര്‍ക്കി വംശജരായ വിമതർ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഈ വിമതരെ തുര്‍ക്കി അംഗീകരിക്കുകയും അവരുടെ കൈവശമുള്ള പ്രദേശത്തെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ സൈപ്രസുമായുള്ള ബന്ധം കൂടുതല്‍ ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇന്ത്യയ്ക്ക് ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും നിരന്തരം പിന്തുണ നല്‍കിയ രാജ്യമാണ് സൈപ്രസ്.
രാജ്യത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡുലീഡെസ് നേരിട്ട് വിമാനത്താവളത്തിലെത്തി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് സൈപ്രസ്. വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും.
പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡുലീഡെസിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സൈപ്രസിലേക്കെത്തിയത്. മെഡിറ്ററേനിയന്‍ മേഖലയിലെ പ്രധാനപ്പെട്ട സുഹൃദ് രാഷ്ട്രമാണ് സൈപ്രസെന്ന് മോദി എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സന്ദര്‍ശനത്തെ കാണുന്നുവെന്നും മോദി പറഞ്ഞു.
സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് സൈപ്രസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. സഹകരണത്തിന്റെ പുതിയ അദ്ധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

