Saturday, December 13, 2025

രാജ്യത്തിൽ നിന്ന് ഏറെ അകലെയെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്നു; നിങ്ങളെയോർത്ത് അഭിമാനിക്കുന്നു; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുമായി തത്സമയം സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രിയും ശുക്ലയും തമ്മില്‍ വീഡിയോ കോളിലൂടെ തത്സമയം സംസാരിച്ചത്.

ശുക്ലയുടെ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പങ്ക് എടുത്തുകാണിക്കുകയും ചെയ്തു. ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തില്‍ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും മറ്റും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

ഇന്ന്, നിങ്ങള്‍ നമ്മുടെ മാതൃരാജ്യത്തില്‍ നിന്ന് അകലെയാണ്, പക്ഷേ നിങ്ങള്‍ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നയാളാണ്. പ്രധാനമന്ത്രി ശുഭാംശു ശുക്ലയോട് പറഞ്ഞു. ഇത് ഞാന്‍ ഒറ്റയ്ക്കുള്ള യാത്രയല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ യാത്രയാണ് പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ ശുക്ല പറഞ്ഞു. ബഹിരാകാശത്തിന്റെ തന്റെ ആദ്യാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന മോദിയുടെ ചോദ്യത്തിന് ഇപ്പോൾ മനസിലാകുന്നില്ലെന്നും, അല്പസമയത്തിനകം പുറത്തേക്ക് കാണുമ്പോൾ മനസിലാകുമെന്നുമായിരുന്നു ശുഭാംശുവിന്റെ മറുപടി.

അന്തരീക്ഷത്തിന്റെ ഇത്രയും വിശാലത കാണുമ്പോൾ എന്ത് തോന്നുന്നുവെന്ന് മോദി ചോദിച്ചു. മാപ്പിൽ കാണുന്ന പോലെ അതിർത്തികളൊന്നും കാണാനില്ലെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. ഭാരതം ഇവിടെ നിന്ന് വളരെ മനോഹരമാണ്. ഭൂമിയുടെ ഏകതയാണ് ദൃശ്യമാകുന്നത്. വൈവിധ്യത്തിൽ ഏകതയെന്ന ഭാരതത്തിന്റെ ചിന്തയാണ് ഇവിടെയും വ്യക്തമാക്കുന്നത്. അവിടെ കാര്യങ്ങൾ എത്രത്തോളം വ്യത്യാസമാണെന്ന മോദിയുടെ ചോദ്യത്തിന് എല്ലാം വ്യത്യസ്തമാണെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ട്.പരിശീലനം ലഭിച്ചത് ഗുണം ചെയ്യുന്നു. ധ്യാനത്തിന്റെയും മൈന്ഡ് ഫുൾനെസിന്റെയും ഗുണം അവിടെ ലഭിക്കുന്നുണ്ട്. വലിയ സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയുന്നു.നല്ല തീരുമാനമെടുക്കാന് സഹായിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ വലിയ സഹായമാകുന്നു.

ഇപ്പോൾ ബഹിരാകാശത്ത് എന്ത് പരീക്ഷണമാണ് നടത്തുന്നതെന്ന മോദിയുടെ ചോദ്യത്തിന് ശുഭാംശു വിശദീകരണം നൽകി. പല പ്രത്യേക പരീക്ഷണങ്ങളും ബഹിരാകാശ നിലയത്തിൽ ഡിസൈൻ ചെയ്യുന്നു. സ്റ്റം സെല്ലുകളെ സംബന്ധിച്ച് പരീക്ഷണമാണ് ആദ്യം നടത്തുന്നത്. മൈക്രോ ലെവലിലാണ് രണ്ടാമത്തെ പരീക്ഷണം. ചന്ദ്രയാന്റെ വിജയത്തിന് ശേഷം യുവജനങ്ങളുടെ പ്രതീക്ഷ വലിയ രീതിയിൽ വർദ്ധിച്ചു. ഇപ്പോൾ കൂടുതൽ വർദ്ധിച്ചു. ഭാവി പരീക്ഷണങ്ങൾക്കും ഇത് വലിയ പ്രചോദനമാകും.

യുവാക്കൾക്ക് എന്ത് സന്ദേശം നല്കുന്നുവെന്ന മോദിയുടെ ചോദ്യത്തിന് വലിയ സ്വപ്നങ്ങൾ കാണണമെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. വിജയത്തിലേക്ക് ഒരു വഴി മാത്രമല്ല. പല വഴികളുണ്ട്. പരിശ്രമം അവസാനിപ്പിക്കരുതെന്ന് ശുഭാംശു മറുപടി നൽകി. രാജ്യം ശുഭാംശുവിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് മോദി മറുപടി നൽകി. ഗഗൻയാന് സ്വന്തം സ്പേസ് സ്റ്റേഷന്, ചന്ദ്രനിലേക്കുള്ള പദ്ധതികൾ എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങൾ മുതൽക്കൂട്ടാകുമെന്ന് മോദി മറുപടി നൽകി. ഈ അനുഭവങ്ങൾ വലിയ പാഠമാണെന്നും എല്ലാം ഭാവി പരീക്ഷണങ്ങളിലും സഹായിക്കുമെന്നും ശുഭാംശു മറുപടി നൽകി.

ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിലെ അംഗവുമായ ശുഭാംശു ശുക്ല നിലവില്‍ ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെയും ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ യും ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംശു ശുക്ല.

Related Articles

Latest Articles