കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശിഷ്ട മെഡല്‍ സമ്മാനിച്ച് കുവൈറ്റ് . രാജ്യത്തിന്റെ പരമോന്നത ബഹുമതിയായായ ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’മെഡലാണ് നരേന്ദ്രമോദിക്ക് കുവൈറ്റ് അമീർ സമ്മാനിച്ചത്. കുവൈറ്റ് സമ്മാനിച്ച മെഡല്‍ ഭാരതത്തിന് ലഭിച്ച ആദരമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
കുവൈറ്റിന്റെ നൈറ്റ് ഹുഡ് ഓര്‍ഡറാണ് ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ മെഡല്‍. രാഷ്ട്രത്തലവന്മാര്‍ക്കും വിദേശ പരമാധികാരികള്‍ക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കും സൗഹൃദത്തിന്റെ അടയാളമായാണ് ഈ മെഡല്‍ നല്‍കുന്നത്. ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് തുടങ്ങിയവര്‍ക്കാണ് ഇതിന് മുമ്പ് കുവൈറ്റിന്റെ വിശിഷ്ട മെഡല്‍ ലഭിച്ചിട്ടുള്ളത്.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, വിവിധ മേഖലകളില്‍ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സഹകരണം വിപുലീകരിക്കല്‍, പൊതുവായ പ്രധാന പ്രശ്‌നങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനായാണ് രാജ്യങ്ങളുടെ തലവന്മാര്‍ തമ്മില്‍ കുടിക്കാഴ്ച നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശനം നടത്തുന്നത്.

