Sunday, December 21, 2025

“കോൺഗ്രസ് ശ്രമിക്കുന്നത് യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനും !!”- ദില്ലിയിൽ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യതലസ്ഥാനമായ ദില്ലിയിൽ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. മഹാരാഷ്ട്രയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കേസിലെ പ്രധാന പ്രതി തുഷാർ ഗോയലിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ പുറത്ത് വന്നതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരുന്നു. തുഷാർ ഗോയലുമായുള്ള ബന്ധം കോൺഗ്രസ് നിഷേധിച്ചെങ്കിലും താൻ 2022 വരെ ദില്ലി പ്രദേശ് കോൺഗ്രസിന്റെ വിവരാവകാശ സെല്ലിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.

“ദില്ലിയിൽ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ഈ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി കോൺഗ്രസ് നേതാവാണ്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനും ആ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്”- മോദി പറഞ്ഞു.

ദക്ഷിണ ദില്ലിയിലെ മഹിപാൽപൂരിലെ ഒരു ഗോഡൗണിൽ നിന്നാണ് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും ദില്ലി പോലീസ് പിടിച്ചെടുത്തത്. തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് ലഹരി എത്തിച്ചതെന്നാണ് വിവരം.

Related Articles

Latest Articles