Tuesday, December 16, 2025

പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ദില്ലിയിൽ നിർണ്ണായക നീക്കങ്ങൾ

ദില്ലി : അതിർത്തിയിലടക്കം പാകിസ്ഥാന്റെ പ്രകോപനം തുടരുന്നതിനിടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങുമായും ശനിയാഴ്ച നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠിയും പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാരുമായുംപ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ സെക്രട്ടറിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.

അതേസമയം കഴിഞ്ഞ ദിവസം രാത്രിയും രാവിലെയുമായി എട്ടിടങ്ങളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യ-പാക് സംഘർഷത്തിൽ വിശദമായ ചർച്ചയാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിനെ പാകിസ്ഥാൻ സമീപിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവികസേനകൾ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്. സർക്കാരിന്റെ നിർദേശം ലഭിച്ചാലുടൻ പാകിസ്താന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു.

Related Articles

Latest Articles