Friday, December 19, 2025

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; പുതിയ പാമ്പൻപാലം രാജ്യത്തിന് സമർപ്പിച്ചു

ദില്ലി: പുതിയ പാമ്പൻപാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനവമി ദിവസമായ ഇന്ന് രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു പാമ്പൻപാലത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസും അദ്ദേഹം ഫ്ലാ​ഗ് ഓഫ് ചെയ്തു.തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി. പിന്നാലെ തീരസംരക്ഷണസേനയുടെ കപ്പൽ പാലത്തിനടിയിലൂടെ കടന്നുപോയി.

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റെയിൽപ്പാലം. 1914-ൽ പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടർന്നാണ് സമാന്തരമായി പുതിയ പാലം നിർമിച്ചത്. സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ആകെ നീളം .ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്.

കപ്പലുകൾക്ക് വഴിയൊരുക്കാൻ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ സംവിധാനത്തോടെ നിർമിച്ച രാജ്യത്തെ ആദ്യത്തെ പാലമാണ് പുതിയ പാമ്പൻപാലം. 18.3 മീറ്റർ അകലത്തിൽ 99 തൂണുകളും നടുവിലായി 72.5 മീറ്ററുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. പാലത്തിന്റെ ഈ ഭാഗം ഉയർത്തുന്നതിലൂടെ ചെറിയ കപ്പലുകൾക്ക് കടന്നുപോകാൻ സാധിക്കും.

Related Articles

Latest Articles