ചെന്നൈ : രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിക്കും. രാമനവമി ദിവസമായ ഏപ്രിൽ ആറിന് രാമേശ്വരത്തെത്തുന്ന അദ്ദേഹം രാമനാഥസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഗവർണർ ആർ.എൻ. രവി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റെയിൽപ്പാലം. 1914-ൽ പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടർന്നാണ് സമാന്തരമായി പുതിയ പാലം നിർമിച്ചത്. അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ആകെ നീളം .
കപ്പലുകളെ കടന്നുപോകാൻ അനുവദിക്കുന്ന തരത്തിൽ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണിത്. 27 മീറ്റർ ഉയരത്തിലേക്കു പൊങ്ങുന്ന ലിഫ്റ്റിങ് സ്പാനിന് 72.5 മീറ്ററാണ് നീളം.

