കരസേനാ ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈനികര്‍ക്കും , അവരുടെ കുടുംബാഗങ്ങള്‍ക്കും കരസേനാ ദിനത്തില്‍ തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നവെന്നും ധീര സൈനികരുടെ സേവനത്തിലും ധൈര്യത്തിലും ദുരന്ത സമയങ്ങളില്‍ അവര്‍ നല്‍കിയ സഹായങ്ങളിലും എന്നും അഭിമാനിക്കുന്നുവെന്നും ഇന്ത്യന്‍ സൈന്യത്തിനായി എഴുതിയ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
“സൈനിക ദിനത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ ധീര സൈനികര്‍ക്കും ഞാന്‍ രാജ്യത്തിന്റെ പേരില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണ്. രാജ്യത്തിന്റെ സുരക്ഷയും, സുസ്ഥിരതയും നല്‍കിക്കൊണ്ട് ഇന്ത്യന്‍ സൈന്യം രാഷ്ട്രനിര്‍മ്മാണത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സുരക്ഷയ്ക്കായിവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞ് വച്ച ധീര ജവാന്മാരുടെ ത്യാഗത്തെയും അർപ്പണ ബോധത്തെയും സ്മരിച്ച് രാജ്യം ഇന്ന് 76-ാം കരസേനാ ദിനം ആചരിക്കുകയാണ്.കരസേനാ ദിനത്തോടനുബന്ധിച്ച് സെക്കന്ദ്രാബാദിലെ ഇഎംഇ വാര്‍ മെമ്മോറിയലില്‍ സൈനികര്‍ക്ക് പുഷ്പാര്‍ച്ചന അര്‍പ്പിക്കുന്ന ചടങ്ങ് നടന്നു.ലഖ്നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററിലാണ് കരസേനാ ദിനത്തോട് അനുബന്ധിച്ച് സൈനിക പരേഡ് നടന്നത്. ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. മേജര്‍ ജനറല്‍ സലില്‍ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്.

