ദില്ലി: ഈസ്റ്റർ ദിനത്തിൽ ദില്ലിയിലെ ഗോൾഡഖാന പള്ളി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മലയാളി പുരോഹിതർ അടക്കമുള്ളവർ പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കും.
ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ആശയ വിനിമയവും നടത്തിക്കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ദില്ലിയിലെ ഗോൾഡഖാന പള്ളിയും ഹോസ്ഗാസ് ദേവാലയുവുമാണ് പ്രധാനമന്ത്രി സന്ദർശനത്തിനായി
പരിഗണിച്ചിരുന്നത്. ഇതിൽ നിന്നാണ് ഗോൾഡഖാന പള്ളി തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗോൾഡഖാന ദേവാലയത്തിലേക്കുള്ള ദൂരം, ചരിത്ര പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ക്രൈസ്തവരുമായി അടുക്കാൻ ബിജെപി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു അപ്രതീക്ഷിത സന്ദർശനം. പ്രാഥമികമായി നടത്തേണ്ട സുരക്ഷാ പരിശോധന പൂർത്തിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.

