ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര അറിയിച്ചു. അന്നേ ദിവസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരുക്കുന്ന സ്വകാര്യ അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. 22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്.
2022ൽ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന അനൗപചാരിക കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ”2021 ഡിസംബറിൽ ദില്ലിയിൽ വച്ചാണ് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി അവസാനമായി നടന്നത്. ഇതിന് ശേഷമാണ് ഇരുനേതാക്കളും ഉസ്‌ബെക്കിസ്ഥാനിൽ നടന്ന എസ് സി ഒ ഉച്ചകോടിക്കിടെ സമർകണ്ടിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷവും പലവിഷയങ്ങളിലായി ഇരുവരും നിരവധി തവണ ഫോൺ സംഭാഷണം നടത്തിയതായും” വിനയ് ക്വത്ര പറയുന്നു.
”റഷ്യയിലെത്തുന്നതിന്റെ രണ്ടാം ദിനം ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും, അതിന് ശേഷം ക്രെംലിനിലും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്. ഇവിടെയുള്ള സൈനിക സ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം സമർപ്പിക്കും. മോസ്‌കോയിലെ എക്‌സിബിഷൻ വെന്യുവിലും അദ്ദേഹം എത്തുമെന്നും” വിനയ് ക്വത്ര കൂട്ടിച്ചേർത്തു.

